2/26/13

BALETTAN IN BRIGADE ROAD - PART 2


പാര്‍ട്ട്‌ 1


ബാലേട്ടന്‍ ഇന്‍ ബ്രിഗേഡ് റോഡ്‌ 

പാര്‍ട്ട് 2




സീന്‍ 4 - സര്‍ജപ്പുര റോഡ്‌ - പകല്‍ 

കേരളത്തില്‍ നിന്നും മത്സ്യവും മറ്റു നാടന്‍ സാധനങ്ങളും കൊണ്ടുവന്നു വില്‍ക്കുന്ന ഒരു കട. അവിടെ കടയുടമ സുകുവേട്ടനും, കൂടെ  ഒരു കസ്റ്റമര്‍ കുട്ടൂസനും.

സുകുവേട്ടന്‍ - ഒരു 32 വയസ്സ്. കണ്ണൂര്കാരന്‍. കുട്ടൂസന്‍ - 28 വയസ്സ്, പരിഷ്ക്കാരിയായ ഒരു ചെറുപ്പക്കാരന്‍. രണ്ടുപേരും   സംസാരിച്ചു കൊണ്ട് നില്‍ക്കുകയാണ്. 

കടയുടെ ഉള്ളില്‍ നിന്നും പുറത്തേക്കുള്ള ദൃശ്യം. രണ്ടുപേരുടെയും കാഴ്ചപ്പാടില്‍ റോഡില്‍ നിന്നും കടയുടെ മുറ്റത്തേക്ക് U-Turn എടുക്കാന്‍ ബദ്ധപ്പെടുന്ന ഒരു ഫോര്‍ഡ് ഫിഗോ. കാര്‍ ഡ്രൈവറുടെ കഷ്ട്ടപ്പാട് കണ്ട് രണ്ടുപേരുടെയും മുഖത്ത് ഒരു നേരിയ ചിരി പരക്കുന്നുണ്ട്.

ഒടുവില്‍,കഷ്ട്ടപ്പെട്ട്, ബുദ്ധിമുട്ടി, കടയുടെ മുന്നില്‍ കൊണ്ട് വന്നു പാര്‍ക്ക് ചെയ്യുന്ന കാര്‍. കാറില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ബാലേട്ടന്‍. ഒരു 32 വയസ്സ്. സമീപത്തെ ഏതോ അപര്‌ട്ട്മെന്റില്‍ നിന്നും വന്ന ഒരു കസ്റ്റമര്‍. 

സുകുവേട്ടന്‍:    എന്താണിത് ബാലേട്ടാ? ഡ്രൈവിംഗ് ഇനിയും ശരിയായില്ലേ? റോഡില്‍ കിടന്നു ബബ്ബബ്ബ കളിക്കുന്നത് കണ്ടല്ലോ!

ഉത്തരമൊന്നും പറയാതെ, ചെറിയ ചമ്മലോടെ കടയിലേക്ക് കയറുന്ന ബാലേട്ടന്‍. 

സുകുവേട്ടന് വിടാനുള്ള ഭാവമില്ല:
"ഒരു 3 ദിവസം നിങ്ങള് അന്റെ കൂടെ ബാ. ഞാന്‍ റെഡി ആക്കിത്തരാം. ബെറുതെ ആ പുത്യ കാറിനെ ഇട്ടു വിഷമിപ്പിക്കാതെ."

ബാലേട്ടന്‍: നിങ്ങള് ഭയങ്കരാപ്പാ......അടുത്ത് നില്‍ക്കുന്ന കുട്ടൂസനോട്, അല്‍പ്പം ബഹുമാനപൂര്‍വ്വം സുകുവേട്ടനെ കുറിച്ച്:

"ഭയങ്കര ഡ്രൈവിങ്ങാ.  ആക്സിടെന്റ്റ് ഒക്കെ പറ്റീട്ടുണ്ട്! ആ കാലിലൊക്കെ കമ്പിയാ..."

ചെറുതായി ചമ്മുന്ന സുകുവേട്ടന്‍. വിഷയം മാറ്റാന്‍ അയാള്‍ ബലെട്ടനൊട് കുട്ടൂസനെ ചൂണ്ടി: 

"അല്ല നിങ്ങക്കരിയോ കുട്ടൂസനെ? മലപ്പുറംകാരനാ....ലണ്ടനില്‍ ആയിരുന്നു.....ഇപ്പൊ ഇവിടെ വിപ്രോയില്‍ ജോലി ചെയ്യുന്നു..." 

കുട്ടൂസന്റെ കൈ പിടിച്ചു കുലുക്കുന്ന ബാലേട്ടന്‍......അവരുടെ വീക്ഷണകോണില്‍  റോഡിലൂടെ ചീറിപ്പായുന്ന വണ്ടികള്‍....

സുകുവേട്ടന്‍ തുടരുന്നു:

"ഇത് ബാലേട്ടന്‍. ബ്ലോഗില്‍ എന്റെ മത്തിയെ കുറിച്ച് കഥ ഒക്കെ എഴുതീട്ടുണ്ട്. ഒരു മത്തിക്കഥ - അല്ലെ ബാലേട്ടാ?"

കൌതുകപൂര്‍വ്വം ബാലേട്ടനെ നോക്കുന്ന കുട്ടൂസന്‍. 

ബാലേട്ടന്‍ കുട്ടൂസനോടായി: "അല്ല നിങ്ങള്‍ എന്തിനാ ലണ്ടന്‍ വിട്ടു കളഞ്ഞത്?"

കുട്ടൂസനെ മറുപടി പറയാന്‍ അനുവദിക്കാതെ വീണ്ടും ഇടപെടുന്ന സുകുവേട്ടന്‍: "അതൊരു കഥയാ. ഈ ഗൃഹാതുരത്വം, ഗൃഹാതുരത്വം എന്ന് പറഞ്ഞ സംഗതി ഇല്ലേ? അത് കണ്ടു പിടിച്ചത് ഇങ്ങേരാ..."

ഒന്നും മനസ്സിലാവാതെ സുകുവേട്ടനെ നോക്കുന്ന ബാലേട്ടന്‍. കുട്ടൂസന് അവിടെ നിന്ന് രക്ഷപ്പെടണം എന്നുണ്ട്. പക്ഷെ സുകുവേട്ടന്‍ തുടരുന്നു:

"ലണ്ടനില്‍ നിന്ന് കക്ഷി ഉപ്പാക്ക് നീണ്ട കത്തുകള്‍ അയക്കും. എന്താ കത്തില്? നിറയെ ഗൃഹാതുരത്വം! പൊഴേല് വെള്ളം കേറിയോ? കോഴികള്‍ മുട്ട ഇടാന്‍ തുടങ്ങ്യോ .... എന്ന് വേണ്ട...നന്ദിനിപ്പശുവിന്റെ ഡെലിവറിക്ക് ഞാന്‍ ലീവ് എടുത്തു വരണോ ...എന്ന ഘട്ടം വരെ ആയപ്പോള്‍ ഉപ്പ പറഞ്ഞു. മോനെ മതി നിന്റെ ലണ്ടന്‍ എന്ന് ."

ബാലേട്ടന്‍: എന്നിട്ട് പിന്നെ എന്താ ബംഗ്ലൂരില്‍ സെറ്റില്‍ ആയത്?

കുട്ടൂസന്‍: "താല്‌ക്കാലികാ ബാലേട്ടാ......കൊച്ചീലേക്ക് അടുത്ത് തന്നെ ട്രാന്‍സ്ഫര്‍ ഉണ്ടാവും."

സുകുവേട്ടന്‍: "ഇങ്ങക്കെന്താ പിരാന്താ? എന്തിനാപ്പാ ആ കൊച്ചീലു പോയി കൊതൂന്റെ കടി കൊള്ളുന്നത്? ബംഗലൂരു തന്നെ അല്ലെ ബെറ്റെര്ന്നു?"

ബാലേട്ടന്‍: "നീ ഒക്കെ അല്ലേ കൂട്ട്! നിന്റെ കടി കൊള്ളുന്നതിലും നല്ലത് കൊച്ചീലെ  കൊതുക് തന്നെയാ..."

മൂന്നു പേരും ചിരിക്കുന്നു. യാത്ര പറഞ്ഞു തന്റെ ബൈക്കില്‍ കയറിപ്പോകുന്ന കുട്ടൂസന്‍. കുട്ടൂസന്‍ ദൂരെ മറഞ്ഞപ്പോള്‍ സുകുവേട്ടന്‍: "ബാലേട്ടാ നല്ല ഫ്രഷ്‌ മത്തി ഉണ്ട്, എടുക്കട്ടെ?"

"മത്തി ഏതായാലും വേണ്ട. നല്ല നെയ്മീന്‍ ഉണ്ടേല്‍ എടുക്ക് ഒരു കിലോ."

"എന്താ ഇത് കഥ? കാക്ക മലര്‍ന്നു പറക്കുന്നോ? പ്രാരാബ്ധക്കാരന്‍ എന്ന് അവകാശപ്പെടുന്ന ബാലേട്ടന്‍  കിലോക്ക് 600 രൂപയുള്ള നെയ്മീന്‍ ഒക്കെ വാങ്ങാനോ!"

"ഗസ്റ്റ്സ് ഉണ്ട് സുകുവേട്ടാ. നാട്ടീന്നു നമ്മടെ ടൈം ലൈനില്‍ നിന്ന് 4 പിള്ളാര് വരുന്നുണ്ട്..."

"ആ അത് ശരി! എന്നിട്ട് പുള്ളാര് എവിടെ?"

"ഞാന്‍ സ്റെഷനില്‍ പിക്ക് ചെയ്യാന്‍ പോകുന്ന വഴിയാ...വേഗം സാധനം എടുത്തു വെക്ക്.....ട്രെയിന്‍ ഇങ്ങെത്താറായി."

"അല്ല ബാലേട്ടാ....ഏതു കുന്ത്രാണ്ടങ്ങളാണ് നിങ്ങളെ കാണാന്‍ വരുന്നത് എന്ന് പറഞ്ഞില്ല....."

"നീ ഒന്ന് വേഗം നോക്ക് എന്റെ സുകു. വരുന്നത്  കുന്ത്രാണ്ടങ്ങളൊന്നുമല്ല യമകണ്ടന്‍മാരാ.....യമാകണ്ടന്മാര്‍!"


സീന്‍ 5 - ഓടിക്കൊണ്ടിരിക്കുന ഒരു ട്രെയിനിന്റെ ഉള്‍വശം 

കഴിഞ്ഞ സീനിലെ അവസാന ഫ്രെയിമിനു ശേഷം പിന്നെ സീനിലേക്ക് വരുന്നത് ഒരു കമ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം ആണ്. ഫ്രെയിമില്‍ കാണുന്നത്  ബര്‍ത്ത്കളില്‍ ഉറങ്ങിക്കിടക്കുന്ന  മലമൂപ്പന്‍, നിഷ്ക്കു, ഫ്രൈഡേ ബോയ്‌, വസീം അക്ക്രം എന്നിവരെയാണ്. 

സമയം ഒരു 11 AM. ഏതോ സ്റെഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ബര്‍ത്തില്‍ എഴുന്നേറ്റ് ഇരിക്കുന്ന നിഷ്ക്കു. അലസമായ ഒരു തീവണ്ടിയാത്ര അതിന്റെ അവസാനഘട്ടത്തോട് അടുക്കുകയാണ്. അത് മനസ്സിലാക്കിയ നിഷ്ക്കു ബര്‍ത്തില്‍ ഇരുന്നു കൊണ്ട് തന്നെ കൂട്ടുകാരെ വിളിച്ച് ഉണര്‍ത്താന്‍ ഒരു ശ്രമം നടത്തുന്നു. ആരില്‍ നിന്നും വലിയ പ്രതികരണം ഒന്നും കാണാത്തതിനാല്‍ താഴേക്ക് ഇറങ്ങുന്ന നിഷ്ക്കു. 

സ്റ്റെഷന്‌ വിട്ടു മുന്നോട്ട് നീങ്ങുന്ന ട്രെയിന്‍. കമ്പാര്‍ട്ട്മെന്റ് മിക്കവാറും കാലിയാണ്.   ഒരു സീറ്റില്‍ വന്നിരുന്നു, അലസമായി മൊബൈലില്‍ സര്‍ഫ് ചെയ്യുന്ന നിഷ്ക്കു. ട്വിറ്റെര്‍ പേജ് മൊബൈല്‍ സ്ക്രീനില്‍. ടൈം ലൈന്‍ ഒട്ടാകെ ഒന്ന് നോക്കി തന്നോട് തന്നെ നിഷ്ക്കു: "ഒരു ഓളമില്ലല്ലോ! എല്ലാവരും എവിടെ പോയി?"

പിന്നെ മുകളിലോട്ടു നോക്കി, നിഷ്ക്കു: ആഹാ ..എങ്ങനെ ഓളം ഉണ്ടാവാനാ? ....ഓളം സൃഷ്ട്ടിക്കേണ്ട വിദ്വാന്മാര്‍ അല്ലെ പോത്ത് പോലെ കിടന്നുറങ്ങുന്നത്!....എടാ മൂപ്പാ..എണീക്ക്....സ്റേഷന്‍ എത്താറായി...."

ട്രെയിന്‍ ഇപ്പോള്‍ ബംഗളൂരിന്റെ അതിര്‍ത്തിപ്രദേശങ്ങളിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്....കൂടുതല്‍ വേഗത കൈവരിച്ചിട്ടുണ്ട്.....സീറ്റില്‍ ഒന്ന് കൂടെ ചാരിയിരുന്നു തന്റെ മൊബൈല്‍ ഫോണില്‍ വ്യാപ്രുതനാവുന്ന നിഷ്ക്കു.

പെട്ടന്ന് നിഷ്ക്കു ഇരിക്കുന്ന കൂപ്പയിലെക്ക് കടന്നു വരുന്ന സുന്ദരിയായ പെണ്‍കുട്ടി കുഞ്ഞാത്തോല്‍. അവള്‍ നിഷ്ക്കുവിന്റെ എതിരെയുള്ള സീറ്റില്‍ ബാഗ്‌ വച്ചു ഒന്ന് ചുറ്റും നോക്കി അല്‍പ്പം മടിച്ച് നിഷ്ക്കുവിനോട് ചോദിക്കുന്നു....

"ഈ സീറ്റില്‍ ആളുണ്ടോ"

നിഷ്ക്കുവിന്റെ മുഖത് സ്തബ്ധത. എത്രയോ കാലം കൂടിയാണ് ഒരു സുന്ദരി അവനോട സംസാരിക്കുന്നത് എന്ന് അവന്റെ പരിഭ്രാന്തി നിറഞ്ഞ ചലനങ്ങളില്‍ നിന്നും നമ്മുക്ക് ഊഹിച്ചെടുക്കാം.

നിഷ്ക്കു വിക്കി വിക്കി......"ഇല്ല ആരുമില്ല......കുട്ടി ധൈര്യമായി അവിടെ ഇരുന്നോ..." 

അവന്‍ ഇടക്കൊന്നു മുകളിലേക്ക് പാളി നോക്കി.....മലയുടെയോ ഫ്രൈഡേ ബോയിയുടെയോ വാസീമിന്റെയോ മറ്റോ സീറ്റ് ആണത്. മൂന്നും അവിടെ മുകളില്‍ ചുരുണ്ട് കൂടി കിടക്കട്ടേ -- ഇതൊക്കെ ആണ്‍പിള്ളാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.

മൊബൈലില്‍ എന്തോ ചെയ്യുന്നത് പോലെ നടിക്കുകയാനെങ്ങിലും നിഷ്ക്കു ഇടക്കിടക്ക് പെണ്‍കുട്ടിയെ പാളി നോക്കുന്നുണ്ട്. വീണു കിട്ടിയിരിക്കുന്ന സൌഭാഗ്യത്തെക്കുറിച്ച് അവനു നല്ല ബോധ്യമുണ്ട്. പക്ഷെ എങ്ങനെ തുടങ്ങണം എന്നറിയില്ല...പെണ്‍കുട്ടി ആവട്ടെ....വെറുതെ മുന്നോട്ടു നോക്കി ഇരിക്കുകയാണ്....

ഒടുവില്‍ നിഷ്ക്കു ആ ചോദ്യം കണ്ടെത്തി.....സംസാരം തുടങ്ങാന്‍ സഹായിക്കുന്ന ആ ചോദ്യം....അവന്റെ മുഖത്ത് ഒരു നിശ്ചയദാര്‍ട്യം ... അവനിപ്പോള്‍ ചോദിക്കും....ചോദിക്കും....ഇതാ ചോദിച്ചു....

ഡും ഡും 

മുകളില്‍ നിന്നും മലമൂപ്പനും ഫ്രൈഡേയും താഴേക്കു ചാടിയ ശബ്ദമായിരുന്നു അത്...ആ പൂച്ചകള്‍ക്ക് നിഷ്ക്കു മത്സ്യം വെട്ടുവാന്‍ പോകുന്ന ഗന്ധം കിട്ടാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല....നിഷ്ക്കുവിനെ കുറ്റപ്പെടുത്തുന്ന ഒരു നോട്ടം നോക്കി, പിന്നെ  പെണ്‍കുട്ടിയുടെ മുഖത്ത് തന്നെ കണ്ണും നട്ട്, മുഖത്ത് ഒരു പരിചയഭാവം ഒക്കെ വരുത്തി രണ്ടു പേരും താഴെ ഇരുപ്പ് ഉറപ്പിക്കുന്നു.....

നിഷ്ക്കുവിനു ഇതൊരു വന്‍ തിരിച്ചടിയാണ്. പക്ഷെ അവന്‍ വിട്ടു കൊടുക്കാന്‍ റെഡി അല്ല...തീരുമാനിച്ചു ഉറപ്പിച്ച ചോദ്യം അധികം സമയം കളയാതെ അവന്‍ പുറത്തെടുത്തു...

"ബംഗളൂരോട്ടായിരിക്കും അല്ലെ?"

"അതെ. സിറ്റി സ്റെഷനില്‍ ഇറങ്ങണം"

പഴയ ചില മുന്കാലാനുഭവങ്ങള്‍ വച്ച് "അറിഞ്ഞിട്ടു എന്ത് വേണം", "ബംഗ്ലൂരോട്ടുള്ള ട്രെയിനില്‍ പിന്നെ ഡല്‍ഹിയില്‍ പോകാന്‍ പറ്റുമോ" എന്നീ  മറുചോദ്യങ്ങളാണ് നിഷ്ക്കു പ്രതീക്ഷിക്കുന്നത്. പക്ഷെ....വളരെ സൌമ്യമായ ആ ഉത്തരം അവനെ ആവേശഭരിതനാക്കി...

വിജയപൂര്‍വ്വം മലയും ഫ്രൈഡേയെയും നോക്കുന്ന നിഷ്ക്കു.

മലയുടെയും ഫ്രൈഡേയുടെയും  മുഖത്ത് ആ ബിഗിനെര്‍ അഡ്വാന്‍റെജു നഷ്ട്ടപ്പെട്ടതിന്റെ കുണ്ടിതം...

എങ്കിലും പരിചയസമ്പന്നരായ അവര്‍ വിട്ടു കൊടുക്കാന്‍ തയ്യാറല്ല.....നിഷ്ക്കു അങ്ങനെ ഒറ്റക്ക് വല്യ ആളാവണ്ട എന്നാ ഭാവം അവരുടെ മുഖങ്ങളില്‍ ഉണ്ട്.

മല: ഹലോ കുട്ടീ, ഞങ്ങളും ബാങ്കലൂര്‌ക്കാ. കുട്ടിയുടെ പേര്?

"കുഞ്ഞാത്തോല്‍"

ഇത്ര നല്ല ഒരു തുടക്കം അവരാരും പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും അപരിചിതരായ തങ്ങളോട് ഒരു പെണ്‍കുട്ടി സങ്കോചം ഒന്നും ഇല്ലാതെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുന്നു. ഏതായാലും ഇന്നത്തെ ദിവസം കൊള്ളാം.

ഫ്രൈഡേ ബോയ്‌ തന്റെ ഭാഗവും ഭംഗി ആക്കാനുള്ള ശ്രമത്തിലാണ്. അവന്‍: കുട്ടി എന്ത് ചെയ്യുന്നു?

കുഞ്ഞാത്തോല്‍ ചിരിച്ചു കൊണ്ട്: കുട്ടി കുട്ടി എന്നെന്തിനാ വിളിക്കുന്നെ? പേര് വിളിച്ചൂടെ? ഞാനത്ര കുട്ടിയൊന്നും അല്ല.

കുഞ്ഞാത്തൊലിന്റെ 'വലിയ' തമാശയില്‍ മതി മറന്നു ചിരിക്കുന്ന മൂന്നു പേരും. പെട്ടെന്ന് മുകളില്‍ നിന്നും ഒരു അശരീരി.

"പ്രായത്തെ ബഹുമാനിക്കാന്‍ ഇവര്‍ക്കറിയില്ല. ചേച്ചി വിട്ടു കള" - മുകളിലെ ബര്‍ത്തില്‍  നിന്നും വസീം അക്ക്രം ആണ്.....

ഇതാാര്‌, എന്ന് അത്ഭുത ഭാവത്തില്‍ നോക്കുന്ന കുഞ്ഞാത്തോല്‍. അപ്പോളാണ് അവള്‍ വാസീമിനെ ശ്രദ്ടിക്കുന്നത് തന്നെ. പക്ഷെ മലക്ക് അതൊട്ടും പിടിച്ചില്ല.

"ഡാ, അക്ക്രം വാസൂ, ടൈം ലൈനില്‍ ഒളിച്ചിരിന്നു കമന്റ് അടിക്കുന്ന പോലെ ഇവിടെ ചെയ്താലുണ്ടല്ലോ....."

പൊട്ടിച്ചിരിക്കുന്ന കുഞ്ഞാത്തോല്‍.......താഴെ നില്‍ക്കുന്ന മൂന്നു പേരും അവളുടെ ചിരിയില്‍ മയങ്ങി അങ്ങനെ നില്‍ക്കുകയാണ്. അവരേതോ സ്വര്‍ഗ്ഗ ലോകത്താണു ഇപ്പോള്‍.

 പെട്ടന്ന് അവിടേക്ക് കടന്നു വരുന്ന ജിന്‍സണ്‍ ഉല്ലാസ്. 30 വയസ്സ് തോന്നിപ്പിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അവനെ കണ്ടതും, "എന്നാല്‍ ശരി" എന്ന് യാത്ര പറഞ്ഞ് കുഞ്ഞാത്തോല്‍ അവന്റെ കൂടെ ഒറ്റപ്പോക്ക്.

അവര്‍ രണ്ടു പേരും ഒരു കപ്പിള്‍സ് ആയിരുന്നു എന്നാ മഹാ സത്യത്തിന്റെ വേദനയില്‍ അവരവരുടെ സീറ്റുകളില്‍ തളര്‍ന്നിരിക്കുന്ന മൂവര്‍ സംഘം. അപ്പോള്‍ വാസീമിന്റെ ഒരു പാട്ട് ...

"അ .....ആ .....കിളി പോയി....
ട്രെയിന്‍ വാതിലിലൂടെ....ഇടിമിന്നല് പോലെ.......
ഇരുളിന്നുള്ളില്‍ പകല്‍ പോലെ....
അ ....ആ ....കിളി പോയി..."

വാസീമിനെ മുകളില്‍ നിന്നും വലിച്ചു താഴെ ഇടുന്ന മലയും ഫ്രൈഡേയും... 

നിഷ്ക്കു ക്രൂദ്ധനായി: നശിപ്പിച്ചപ്പോള്‍ എല്ലാര്‍ക്കും തൃപ്തി ആയല്ലോ....ഒരുത്തനെ നന്നാവാനും അനുവദിക്കരുത്!

ഫ്രൈഡേ: (കളിയാക്കി കൊണ്ട്) എന്തോ...! ചേട്ടന്‍ എങ്ങനെ നന്നാവനാ ഉദേശിച്ചത്?

മല: നന്നാവാണോ? ഇവനോ?
(പിന്നെ അല്‍പ്പം നാടകീയമായി) - പുല്ലേപ്പടി ബസ്‌ സ്റ്റാന്‍ഡില്‍ സ്ഥിരമായി വന്നിരുന്ന ഒരു പെണ്‍കുട്ടിയെ വളക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ഫലം കാണാതെ, ബംഗ്ലൂരിലെങ്ങാനും കിടക്കുന്ന ബാലെട്ടനോട്  സഹായം അഭ്യര്‍ത്തിച്ച ഒരു ഭൂതകാലം ഇല്ലേ നിഷ്ക്കൂ നെനക്ക്.....?

ഫ്രൈഡേ ബോയ്‌ ഏറ്റു പിടിക്കുന്നു: എന്നിട്ട് ഒരു ദിവസം പെണ്ണിന്റെ കൂടെ വന്ന പെണ്ണിന്റെ അപ്പന്‍ കണ്ണുരുട്ടിയപ്പോള്‍ പേടിച്ച്, FB യില്‍  കമ്മിട്ടട് എന്നൊരു സ്റ്റാട്ടസും ഇട്ടു രായ്ക്കു രാമാനം ദുബൈക്ക് കടന്നവനെല്ലെടാ നീ......എന്നിട്ട് അവന്റെ ഒരു  മേനി പറച്ചില്‍...

നിഷ്ക്കുവിനു സമനില തെറ്റാന്‍  സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കി അവരുടെ ഇടയിലേക്ക് ചാടി വീഴുന്ന വസീം അക്ക്രം: 

"ഛെ ഛെ, ബാലേട്ടനെ നമ്മള്‍ ആദ്യമായി മീറ്റ് ചെയ്യാന്‍ പോകുന്ന നല്ലൊരു ദിവസമായിട്ട് നിങ്ങളിങ്ങനെ ഏതാവന്റെയോ കൂടെ പോയ പെണ്ണിന് വേണ്ടി....ഛെ ഛെ....മോശം."

വാസീമിന്റെ ഇടപെടല്‍ ഫലിച്ച മട്ടുണ്ട്. സംസാരം നിര്‍ത്തി എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് പതുക്കെ പിന്‍വാങ്ങുന്നു......

അതിവേഗത്തില്‍ പാഞ്ഞു പോകുന്ന വണ്ടിയുടെ പുറത്തു നിന്നുള്ള ദൃശ്യം......വണ്ടി ബാങ്കലൂരിന്റെ മനോഹരമായ പ്രാന്ത പ്രദേശങ്ങളിലൂടെ ഓടുകയാണ് ഇപ്പോള്‍.  പച്ചപ്പിന്റെ നടുവിലൂടെ പായുന്ന തീവണ്ടിയുടെ മുകളില്‍ നിന്നുള്ള ഷോട്ട്  ഒരു മനോഹര ദൃശ്യം സമ്മാനിക്കുന്നു.

ഇരുന്ന സീറ്റില്‍ നിന്നും മുന്നോട്ടാഞ്ഞു, പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ മല: അല്ല,  നിങ്ങള്‍ ആരേലും ഇതുവരെ ബാലേട്ടന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ?

ഫ്രൈഡേ: സത്യം പറഞ്ഞാല്‍ ഇല്ല എന്നതാണ് സത്യം. ഞാനും അക്കാര്യം ഇപ്പോളാണ് ഓര്‍ക്കുന്നത്.

നിഷ്ക്കു വിജയ പൂര്‍വ്വം: എന്നാല്‍ ഞാനൊരു രഹസ്യം പറയാം. എന്റെ ഗുരുനാഥന്‍ സാതിന്റെ കയ്യില്‍ ബാലേട്ടന്റെ ഫോട്ടോ ഉണ്ട്. സാത്ത് ഗുരു അത് എനിക്ക് മെയിലില്‍ ഫോര്‍വേഡ് ചെയ്തിരുന്നു....

(ഒരു മിനിട്ട് കാത്തു നിന്ന് തന്റെ വാക്കുകള്‍ സൃഷ്ട്ടിച്ചിരിക്കുന്ന ആ  സസ്പെന്‍സ ആസ്വദിച്ച്, നിഷ്ക്കു തുടരുന്നു)

ബാലേട്ടനെ ഏതായാലും നേരിട്ട കാണാന്‍ പോകുന്ന സ്ഥിതിക്ക് ഞാന്‍ ഇനിയത് രഹസ്യമായി സൂക്ഷിക്കുന്നതില്‍ കാര്യമില്ല...

തന്റെ ബാഗ് തുറന്നു പുറത്തെടുത്ത ഒരു ഫോട്ടോ കൂട്ടുകാര്‍ക്ക് നേരെ നീട്ടിക്കാനിക്കുന്ന നിഷ്കു. ഫോട്ടോ കണ്ടു തലതല്ലി ചിരിക്കുന്ന മറ്റു മൂന്നു പേര്‍....

ഫോട്ടോ കണ്ടു വസീം കണ്ണുകള്‍ തള്ളിക്കൊണ്ട് പതുക്കെ: ചാലി പാല...! 

നിഷ്ക്കുവിന്റെ കയ്യില്‍ നിന്നും ഫോട്ടോ പിടിച്ചെടുത്ത് ക്യാമറക്ക്‌ നേരെ കാട്ടി മല: സാത്ത് ബാലേട്ടനെ ചാലി പാലയാക്കി അല്ലേട!! എന്നാലും നെന്റെ ഗുരുനാഥന്‍ നെന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ക്കുമ്പം .....

തനിക്കു പറ്റിയ അമളിയുടെ ആഴം മനസ്സിലായെങ്ങിലും ചമ്മാല്‍ പുറത്ത് കാണിക്കാതെ ഒരു കൃത്രിമ കോപം അഭിനയിച്ച് ബര്‍ത്ത്ലേക്ക് തിരിച്ചു കയറുന്ന നിഷ്ക്കു....മറ്റു മൂന്നു പേരും കൂടി അവനെ വലിച്ചു താഴെ ഇടാന്‍ ശ്രമം.......ആളൊഴിഞ്ഞു കിടക്കുന്ന കംപര്‍ത്മെന്റ്റ് തങ്ങളുടെ സ്വന്തമാക്കിരിക്കുകായാണ് ഈ നാല്‍വര്‍ സംഘം.....അവരുടെ തിമര്‍പ്പ്....തമാശകള്‍.....

വണ്ടി ലകഷ്യസ്ഥാനത്തോട് അടുക്കകയാണ്.


സീന്‍ 6

റെയില്‍വേ സ്റെഷനിലെക്ക് പതുക്കെ കാര്‍ ഓടിച്ചു വരുന്ന ബാലേട്ടന്‍. അയാള്‍ സ്റെഷന്റെ പുറത്തെ പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ നിര്‍ത്തിയതിനു ശേഷം പ്ലാറ്റ്ഫോറം ടിക്കറ്റ്‌ എടുത്ത് ഉള്ളിലേക്ക് കടക്കുന്നു.

സ്റെഷനില്‍ പതിവില്ലാതെ ഒരു വലിയ ആള്‍ക്കൂട്ടം. ഏതോ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എന്ന് തോന്നിപ്പിക്കുന്ന കുറെ ചെറുപ്പക്കാര്‍ ട്രെയിനില്‍ വരുന്ന നേതാവിനെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ട്.....അവര്‍ക്കരികിലൂടെ മുന്നോട്ടു നടക്കുന്ന ബാലേട്ടന്‍. 

സ്റെഷനില്‍ എത്തിച്ചേരുന്ന ട്രെയിന്‍. മൊബൈല്‍ ഫോണില്‍ ബാലേട്ടനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മലമൂപ്പന്‍. ഒരുവില്‍ സംഗതി സക്സസ് എന്ന് മറ്റു മൂന്നുപേരോടും ആണ്ഗ്യം കാണിച്ച് ബാലെട്ടനോടു സംസാരിക്കുന്ന മല. പിന്നെ കൂട്ടുകാരോടായി: ആളെ കിട്ടി. ബുക്സ് സ്റാളിനു മുന്നില്‍ നില്‍ക്കുന്നുണ്ട് ബാലേട്ടന്‍. ധരിച്ചിരിക്കുന്നത് നീല ഷര്‍ട്ട്‌.

ട്രെയിനില്‍ നിന്നും താഴേക്കിറങ്ങുന്ന കൂട്ടുകാര്‍. തൊട്ടടുത്ത കംപാര്‍ത്മെന്റില്‍ നിന്നും ഇറങ്ങുന്ന ചെറുപ്പക്കാരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സ്വീകരിക്കാനുള്ള അണികളുടെ തിക്കും തിരക്കും അല്‍പ്പ നേരം നോക്കി നില്‍ക്കുന്നു അവര്‍. നേതാവിനെ കണ്ടപ്പോള്‍ നിഷ്ക്കു പരിചയ ഭാവത്തോടെ:

അല്ല ഇത് നമ്മടെ ഡയാനമിറ്റ് വിമത നേതാവ് ഞാനാരാ അല്ലെ? 

ഫ്രൈഡേ ബോയ്‌: ന്ദേ! ശരിയാണല്ലോ! പാര്‍ട്ടി രഹസ്യം എതിര്‍ പാര്‍ട്ടിയായ അമിട്ടിനു ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണം കാരണം അല്ലെ പുള്ളി ഇപ്പോഴും പുറത്ത് നില്‍ക്കുന്നത്?

മല: ഞാന്‍ വിശ്വസിക്കില്ല. അമിട്ടിനെ പൊളിക്കാന്‍ കുറെ നടന്ന പുള്ളിയാ....ഡയാനമിറ്റുകാരും ഇങ്ങേരെ തള്ളിക്കളഞ്ഞത് തീരെ ശരിയായില്ല....

വസീം:  എന്തായാലും ഇങ്ങേര്‍ ബാങ്കളൂരില്‍ എങ്ങനെ ഇത്ര ഫെയിമസ് ആയി? പുള്ളാരുടെ തല്ലു കണ്ടില്ലേ?

അവരുടെ  മുന്നിലൂടെ പതുക്കെ നടന്നു മറയുന്ന ഞാനാരായും സംഘവും. തിരക്ക് അല്‍പ്പം ഒന്ന് കുറഞ്ഞപ്പോള്‍ മുന്നോട്ടു നീങ്ങുന്ന കൂട്ടുകാര്‍. മലമൂപ്പന്റെ ഫോണ്‍ ശബ്ദിക്കുന്നു.

മല, ഫോണ്‍ എടുത്ത്: ഹലോ ബാലേട്ട....ഇതാ എത്തിപ്പോയി......നമ്മടെ നേതാവ് ഞാനാരായെ കണ്ടു നിന്ന് പോയതാ....ഒറ്റ മിനുട്ട്...

ബാലേട്ടന്റെ അടുത്തേക്ക് വേഗത്തില്‍ നടക്കുന്ന കൂട്ടുകാര്‍. അവര്‍ ബാലേട്ടനെ കാണുന്നതിനു മുമ്പ് തന്നെ ബാലേട്ടന്‍ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു. ട്വിട്ടെരിലൂടെ മാത്രം അറിഞ്ഞിട്ടുള്ള ബാലേട്ടനെ ആദ്യമായി കണ്ടതിന്റെ സന്തോഷത്തില്‍ ബാലേട്ടനെ കെട്ടിപ്പിടിക്കുന്ന നാല്‍വര്‍ സംഘം. മുഖം നിറയെ ചിരിയുമായി ബാലേട്ടന്‍.

വസീം: എന്റെ ബാലേട്ടാ.....നിങ്ങള് ഇത് വരെ ഒരു ഫോട്ടോ പോലും തരാതിരിന്നത് വല്ല്യ കഷ്ട്ടായി....പറ്റിച്ചില്ലേ (നിഷ്ക്കുവിനെ ചൂണ്ടി) ഇവന്റെ ഗുരുനാഥന്‍ ഇവനെ.....!

ബാലേട്ടന്‍: അല്ല, എന്ത് പറ്റി?

വിഷയം മാറ്റിക്കൊണ്ട് നിഷ്ക്കു: അതൊക്കെ പോട്ടെ ബാലേട്ട....എന്തായാലും നമ്മള്‍ തമ്മില്‍ കണ്ടില്ലേ! 

മല, നാടകീയമായി: ഒരു ഫോണ്‍ നമ്പര് പോലും തരാന്‍ മടി കാണിച്ചിരുന്ന, എന്തിനു, എവിടെയാണ് സ്വന്തം സ്ഥലം, എന്താണ് ജോലി എന്ന് പോലും ഞങ്ങളോട ആരോടും പറഞ്ഞിട്ടില്ലാത്ത ബാലേട്ടന്‍ ...ഒടുവില്‍ ബംഗ്ലൂരില്‍ ആണെന്ന് തുറന്നു പറഞ്ഞതും ഇവിടെ വച്ച് കാണാന്‍ സമ്മതിച്ചതും തന്നെ വലിയ അത്ഭുതം.....

ബാലേട്ടന്‍, ചിരിയോടെ: എല്ലാത്തിനും അതിന്റേതായ സമയമുണ്ട്....

ഫ്രൈഡേ ആ വാചകം പൂര്‍ണ്ണമാക്കുന്നു: ....മോനെ മലമൂപ്പാ ....

ആര്‍ത്തു ചിരിച്ച്.....തമാശകള്‍ പങ്കു വച്ചു കൊണ്ട്......ബാലേട്ടന്റെ കാറിനു അടുത്തേക്ക് പോകുന്ന സംഘത്തിന്റെ ഒരു വിദൂര ദൃശ്യം....

സീന്‍ 6-A

കാറിന്റെ ഡോര്‍ തുറന്നു കൊണ്ട് ബാലേട്ടന്‍ അല്‍പ്പം കുസൃതിയോടെ:

അല്ല, എന്താണ് ട്രെയിന്‍ ഇറങ്ങീട്ട് ഇങ്ങോട്ടെത്താന്‍ ഇത്ര താമസം? വണ്ടിയില്‍ വല്ല കുടുക്കും ഒപ്പിചോടാ?

വസീം ഇടയ്ക്കു കയറി: നല്ല ഇമ്പ്രേഷനാ ബാലേട്ടന് നിങ്ങളെ പറ്റി!! ആദ്യമായി കാണുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കൂലാ.....!

ഫ്രൈഡേ, ബാലേട്ടന്റെ തോളില്‍ കയ്യിട്ട്: അത് പിന്നെ, മാരാര്‍ക്ക് അല്ലെ അറിയൂ ചെണ്ടയുടെ മനപ്രയാസം, അല്ലെ ബാലേട്ടാ...

ബാലേട്ടന്‍ ഫ്രൈഡേയുടെ കൈകള്‍ പതുക്കെ മാറ്റി: അങ്ങിനെ നീയിപ്പം എന്നെ മാരാര്‍ ആക്കണ്ട.....(തിരിഞ്ഞു വാസീമിനോട്) എന്തുണ്ടായെടാ?

വസീം: നിഷ്ക്കുവിന്റെ ചില്ലകളില്‍ ഒരു കിളി വന്നിരുന്നു.....മറ്റേ രണ്ടു വേടന്‍മാരെ കണ്ടപ്പോള്‍ അതങ്ങ് പറന്നു പോയി...അത്ര തന്നെ ബാലേട്ടാ.

മല: വാസീമിനെ രൂക്ഷമായി നോക്കുന്നു. പിന്നെ ബാലെട്ടനോടായി: ഇതൊക്കെ വിട് ബാലേട്ടാ.....ഒരാനയെ തിന്നേണ്ട വിശപ്പുണ്ട്.....വേഗം വണ്ടിയെടുക്ക്.....ഈ പൈതങ്ങള്‍ക്ക് വല്ലോം വാങ്ങിത്താ....

ഒരു ചിരി അമര്‍ത്തിക്കൊണ്ട് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ബാലേട്ടന്‍. കാറിലേക്ക് കടന്നിരിക്കുന്ന നാല്‍വര്‍ സംഘം......ഒരു ടാക്സിയുടെ പുറകിലായി പതുക്കെ കാര്‍ പുറത്തേക്ക് 


സീന്‍ 7
 

നഗരം എത്തുന്നതിനു മുന്‍പുള്ള ഒരു ചെറിയ റെയില്‍വേ സ്റെഷനില്‍ ആണ് നാല്‍വര്‍ സംഘം ഇറങ്ങിയിരിക്കുന്നത്.  സ്റെഷന് പുറത്തേക്കിറങ്ങുന്ന കാര്‍ ദേശിയ പാതയിലൂടെ മുന്നോട്ട്.

നാല്‍വര്‍ സംഘത്തിന്റെ വീക്ഷണത്തില്‍ കാറിനു പുറത്തെ ദൃശ്യങ്ങള്‍....പതുക്കെ കാര്‍ ഓടിക്കുന്ന ബാലേട്ടന്‍. ബാലേട്ടന്റെ ഡ്രൈവിംഗ് ശ്രദ്ദിച്ചു കൊണ്ട് നിഷ്ക്കു:

അല്ല ബാലേട്ട, നിങ്ങക്കൊന്നു വേഗം പോയാല്‍ എന്താ? വണ്ടിക്കു വല്ല പ്രശ്നവും ഉണ്ടോ?

ബാലേട്ടന്‍: പതുക്കെ, സുരക്ഷിതമായി കാര്‍ ഓടിക്കുക എന്നതാണ് എന്റെ പോളിസി. (കണ്ണിറുക്കി) ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുക, ന്ദേ?

വസീം ഒരു ഞെട്ടലോടെ: അപ്പൊ ഡ്രൈവിംഗ് അറിയില്ലേ?

മല: എന്റെ ബാലേട്ടാ....വിശന്നിട്ടു വയ്യ.....ഇങ്ങനെ പോയാല്‍ എങ്ങിനാ.....വേണമെങ്കില്‍ ഞാന്‍ ഓടിക്കാം.....(സ്പീഡോ മീറ്റെരിലെക്ക് നോക്കിയിട്ട) അയ്യേ....നാല്‍പ്പതിലാണോ വണ്ടി ഓടിക്കുന്നത്? 

ബാലേട്ടന്‍: ഞാനിപ്പം ഫോര്‍ത്ത് ഗിയരിലാ.....ഫോര്‍ത്ത് ഗിയറില്‍ നാല്‍പ്പതാ അതിന്റെ ഒരു കണക്ക്.

മല: എന്നാപ്പിനെ ഫിഫ്ത്തിലെക്ക് തട്ടിക്കൂടെ ബാലേട്ടാ?

ബാലേട്ടന്‍: ഫിഫ്തിലെക്ക് തട്ടിയാല്‍ അമ്പതില്‍ പോകേണ്ടി വരും മോനെ...അത് വേണ്ട, നമ്മള്‍ക്ക് നാല്‍പ്പത് മതി

ഫ്രൈഡേ ബോയ്‌ മലയോടായി: പേടിക്കണ്ട്രാ......ബാലേട്ടന്‍ നമ്മളെ എവിടെയെങ്കിലും ഒക്കെ എത്തിക്കും....അല്ലെ ബാലേട്ടാ?

മല: ഞാന്‍ വിശന്നു മരിക്കുന്നതിനു മുമ്പ് എത്തിച്ചാല്‍ നല്ലത്......എവിടെയെങ്കിലും ...

നിഷ്ക്കു, പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ: അല്ല ബാലേട്ടാ, ബംഗ്ലൂരില്‍ റാഷ് ഡ്രൈവ് ചെയ്യുന്ന വണ്ടികളുടെ കീ അടിച്ചു മാറ്റുക എന്നൊരു പുതിയ തരം കലാപരിപാടി തുടങ്ങീട്ടുണ്ട് എന്ന് കേട്ട്......ബാലേട്ടന്‍ അത് പേടിച്ചിട്ടോ മറ്റോ ആണോ ഈ മെല്ലെപ്പോക്ക്?

വസീം (അവന്‍ ആദ്യമായാണ്‌ സംഭവം അറിയുന്നത്): തന്നെ? ഇവിടെ അങ്ങനെ ഒക്കെ തുടങ്ങീട്ടുണ്ടോ? എന്നാലും കീ ഒക്കെ അടിച്ചു മാറ്റുക എന്ന് പറഞ്ഞാല്‍.....വണ്ടി ആണെങ്ങില്‍ ഇവന്മാര്‍ കൊണ്ട് പോകുന്നുമില്ല....പിന്നെ എന്തിനാ ബാലേട്ടാ വെറും കീ....?

ഫ്രൈഡേ: സ്വന്തം വണ്ടിയുടെ കീ മര്യാദക്ക് സൂക്ഷിക്കാന്‍ കഴിയില്ലെങ്ങില്‍ പിന്നെ എന്ത് ഡ്രൈവിംഗ് ആണെന്ന് പറഞ്ഞിട്ട എന്താ.....അല്ലേടാ മൂപ്പ?

എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്ന മലമൂപ്പന്‍ പെട്ടന്ന് ചിന്തയില്‍ നിന്നും ഞെട്ടുന്നു.....അത് മനസ്സിലാക്കി ബാലേട്ടന്‍: എന്താന്‍ഡാ? നെന്റെ കീയും പോയോ?

മല ചമ്മല്‍ ഒരു ചിരിയില്‍ ഒളിപ്പിച്ച്: "അല്ല ബാലേട്ടാ ഞാന്‍ ആലോചിച്ചു പോയി.....ഇതൊക്കെ സത്യത്തില്‍ നല്ലതല്ലേ......?
കണ്ണും മൂക്കും ഇല്ലാതെ വണ്ടി ഓടിച്ചു പോകുന്ന, റോഡ്‌ നിയമങ്ങളോട് തരിമ്പും ബഹുമാനം കാണിക്കാത്ത ഇമ്മാതിരി ഡ്രൈവര്‍മ്മാര്‍ക്കിട്ടൊരു പണി.......
ഓട്ടത്തിനിടയില്‍ വണ്ടിയുടെ കീ  കാണാതാവുമ്പോള്‍ ഏതവന്റെയും അഹമ്മതി ആവി ആയി പോകുന്നത് കാണാന്‍ നല്ല രസായിരിക്കും അല്ലെ?"

ഫ്രൈഡേ: ശരിയാ...ബംഗ്ലൂരില്‍ പ്രത്യേകിച്ചും --- കാള്‍ സെന്റര്‍ കാബ്സിനാ ആദ്യം പണി കൊടുക്കേണ്ടത്.....

നിഷ്ക്കു: ഈ പറയുന്ന നീ ഒരു വണ്ടി വാങ്ങിയാല്‍ കാണാം....പറയാന്‍ ഒക്കെ എളുപ്പമാ..

മല, അല്‍പ്പം സീരിയസ് ആയി: അല്ലേടാ....സ്പീഡ് എനിക്ക് ഇഷ്ട്ടം തന്നെയാ....പക്ഷെ യാതൊരു റോഡ്‌ മര്യാദയും പുലര്‍ത്താതെ വണ്ടി ഓടിക്കുന്നവന്മാര്‍ അനുഭവിക്കുക തന്നെ വേണം. ഞാന്‍ ആണെങ്കിലും ഇത് തന്നെ ചെയ്യും.....കീ അങ്ങട് അടിച്ചു മറ്റും...കുറച്ചു നേരം ഒരു അസൌകര്യം....അത് പക്ഷെ വല്ലാത്തൊരു അസൌകര്യം തന്നെയാവും....

നിഷ്ക്കു: (ബാലേട്ടനോട്‌): ഈ കീ അടിച്ചു മാറ്റുക എന്നൊക്കെ പറഞ്ഞാല്‍.....പോക്കെറ്റില്‍ നിന്നും, എന്തിനു വീട്ടില്‍ നിന്നും വരെ അടിച്ചു മാറ്റുന്നുണ്ട് എന്നാണു കേട്ടത്.....ഇതിനു പുറകില്‍ ശരിക്കും ആരാവും?

ബാലേട്ടന്‍: ഏതായാലും ഞാന്‍ അല്ല....പോരെ? അതൊക്കെ പോലീസ് കണ്ടു പിടിക്കട്ടെ... (മലമൂപ്പനോടായി): അവന്മാരുടെ കൂട്ടത്തില്‍ നെനക്കൊരു വേക്കന്‍സി ഉണ്ടാവുമോ എന്ന് നമുക്ക് നോക്കാം ഡാ..

മലമൂപ്പന് ചിരി.

മല പെട്ടന്ന് വിഷയം മാറ്റി: ച്ചെ!! സംസാരത്തിനിടയില്‍ വിശപ്പിന്റെ കാര്യം ഞാനങ്ങ് വിട്ടു പോയി....ബാലേട്ടാ...വല്ലോം നടക്കുമോ?

ഹൈവേയില്‍ നിന്നും ഒരു ചെറിയ റോഡിലേക്ക് കയറുന്ന കാര്‍......അത് നിന്നത് ഒരു റെസ്റ്റോരണ്ടിന്റെ  മുന്നിലാണ്. കാറ് നിര്‍ത്തി എല്ലാവരും പുറത്തിറങ്ങുന്നു.....

റെസ്റൊരന്റ്റ് മൊത്തത്തില്‍ ഒന്ന് നോക്കി നിഷ്ക്കു: വല്ല്യ കൊഴപ്പമില്ലാ.......പ്രാരബ്ധക്കാരനായ ബാലേട്ടന്റെ സെലെക്ഷന്‍ ഏതായാലും കൊള്ളാം.....

നിഷ്ക്കു പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് എല്ലാവരെയും ഉള്ളിലേക്ക് നയിക്കുന്ന ബാലേട്ടന്‍.....

സീന്‍ 8 - റെസ്റ്റോരന്റിന്റെ ഉള്‍വശം
വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന ഒരു ആധുനിക  റെസ്റൊരന്റ്റ് തന്നെയാണത്. ഉള്ളിലെ അലങ്കാരങ്ങളുടെ   ഭംഗി ആസ്വദിച്ചു കൊണ്ട് ഒരു ടേബിളില്‍ ഇരുപ്പുറപ്പിക്കുന്ന സംഘം.

മെനുവില്‍ നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന സംഘം......ഉച്ച ഭക്ഷണ സമയമാണ്......വലുതല്ലാത്ത തിരക്കുണ്ട് ഹോട്ടെലില്‍...

ചുമരിലെ വലിയ LCD  ടീ വിയില്‍ ഒരു വാര്‍ത്ത ബുള്ളറ്റിന്റെ ആരംഭം. സ്ക്രീനില്‍ വാര്‍ത്ത വായിക്കുന്ന ഇന്ദു, മുമ്പ് നമ്മള്‍ കണ്ട ന്യൂസ്‌ റീഡര്‍ തന്നെയാണ് . പതിവ് തലവാചകങ്ങളില്‍ മടുപ്പ് തോന്നി ടീവിയില്‍ നിന്നും മുഖം തിരിക്കുന്ന ഫ്രൈഡേ....അവന്‍ മലയോടായി:

എന്ത് കാണാനാ ഇരിക്കുന്നെ....ആ ചാനെല്‍ ഒന്ന് മാറ്റി വല്ല മ്യൂസിക് ചാനലോ മറ്റോ ഇടെടെ....

മല: എന്തിനു? വിശപ്പിന്റെ സംഗീതം ആസ്വദിക്കാനോ? (ടീവിയില്‍ ചൂണ്ടി) ഇതൊന്നുമില്ലെങ്ങില്‌ നല്ലൊരു കുട്ടി അല്ലെ സ്ക്രീനില്‍.....! അവള്‍ പറയുന്ന വാര്‍ത്തക്കും ഉണ്ടാകും ആ സൌന്ദര്യം....

സ്ക്രീനില്‍ ഇന്ദു: അവര്‍ മറ്റൊരു വാര്‍ത്തയിലേക്ക് കടക്കുകയാണ്: ഡയനാമിറ്റ് ഔദ്യോഗിക വിഭാഗവുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന വിമത വിഭാഗം നേതാവ്   ഞാനാരായുടെ ബംഗ്ലൂര്‍ സന്ദര്‍ശനം രാഷ്ട്രീയടൈംലൈന്‍  കൌതുകത്തോടെ ഉറ്റു നോക്കുകയാണ്. ഞങ്ങളുടെ പ്രത്യേകലേഖകന്‍ ശ്രീരജിന്റെ റിപ്പോര്‍ട്ട്‌:

സ്ക്രീനില്‍ ഞാനാരാ സ്റെഷനില്‍ വന്നിറങ്ങുനതിന്റെയും മറ്റും ദൃശ്യങ്ങള്‍.

മലമൂപ്പന്റെയും കൂട്ടുകാരുടെയും മുഖത്ത് അത്ഭുതം. അവര്‍ താല്‍പ്പര്യത്തോടെ വാര്‍ത്ത ശ്രദ്ധിക്കുന്നു. ബാലേട്ടന്, വലിയ താല്‍പ്പര്യമില്ലാത്ത മട്ടില്‍ സ്ക്രീനില്‍ കണ്ണും നട്ടിരിക്കുന്നു...

സീന്‍ 8-A 

പ്രമുഖ പത്രപ്രവര്‍ത്തകന്‍ ശ്രീരാജിന്റെ ശബ്ദം: ബാനസവാടി റെയില്‍വേ സ്റെഷനില്‍ ഏതാനും മിനുട്ടുകള്‍ക്ക് മുമ്പാണ് ഡയനാമിറ്റ് വിമത വിഭാഗം നേതാവ്  ഞാനാരാ വന്നിറങ്ങിയത്. അദ്ദേഹം പിന്നീട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി കൊറമങ്കലയിലേക്ക് പോയി. വൈകുന്നേരം അദ്ദേഹം പത്രക്കാരെ കാണുന്നതായിരിക്കും എന്ന് കരുതപ്പെടുന്നു. 

ശ്രീരാജ്‌ സ്ക്രീനില്‍. അയാള്‍ തുടരുന്നു: യുവ നേതാവിനെ ഒരു നോക്ക് കാണാന്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തില്‍ കൂടുതലും IT ഉദ്യോഗസ്ഥന്മാരായ ട്വിറ്റെര്‍ അടിക്ക്ടുകള്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. വരാന്‍ പോകുന്ന ടൈം ലൈന്‍ തിരഞ്ഞെടുപ്പിള്‍ ഒരു വലിയ സ്വാധീനം ചെലുത്തും എന്ന് കരുതപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്തുണ ഞാനാര നേടിയിരിക്കുന്നത് ഔദ്യോഗിക വിഭാഗത്തിനു തലവേദനയായേക്കാം.

IT നഗരമായ, ട്വിറ്റെര്‍ ഫോല്ലോവേര്സ് തിങ്ങിപ്പാര്‍ക്കുന്ന, ബംഗ്ലൂരില്‍ ഞാനരാ വരും ദിവസങ്ങളില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തങ്ങള്‍ TL രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിയെഴുതിയെക്കാം. ബാനസവാടിയില്‍ നിന്നും ക്യാമറമാന്‍ ഗോവിന്ദയോടൊപ്പം ശ്രീരാജ്.

അടുത്ത വാര്‍ത്താ ശകലം നഗരത്തില്‍ പെരുകി വരുന്ന വാഹന കീ മോഷണത്തെ കുറിച്ചാണ്. സ്ക്രീനില്‍ മിന്നി മറയുന്ന ദൃശ്യങ്ങള്‍ താല്പ്പര്യ പൂര്‍വ്വം കണ്ടിരിക്കുന്ന സംഘം. സംഭവത്തെ കുറിച്ച് പോലീസിനു ഇപ്പോളും കാര്യമായ രൂപം കിട്ടിയിട്ടില്ല എന്ന് വാര്‍ത്തയില്‍ നിന്നും വ്യക്തം......

സീന്‍ 8-B 

.....അതിനിടയില്‍ ടെലിവിഷനില്‍ നിന്നും കൂട്ടുകാരില്‍ നിന്നും തെന്നി നീങ്ങുന്ന ക്യാമറ.....അത് ചെന്നെത്തുന്നത് ഒഴിഞ്ഞ ഒരു മൂലയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ലെതര്‍ ഗ്ലൌസ് ധരിച്ച നമ്മുടെ ആ പഴയ ചെരുപ്പക്കരനിലെക്ക്.....ഇപ്പോഴും മുഖം കാണിക്കുന്നില്ല....കൈകളില്‍ ഫോക്കസ് ചെയ്യുന്ന ക്യാമറ...അയാള്‍ പതുക്കെ ഭക്ഷണം കഴിക്കുകയാണ്.....

പാശ്ചാത്തല സംഗീതം ചടുലമാകുമ്പോള്‍ കീ മോഷണങ്ങളുടെ വിവിധ ദൃശ്യങ്ങള്‍  നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ്. ഭ്രാന്തമായി വണ്ടി ഓടിക്കുന്ന വിവിധ വാഹനങ്ങള്‍ ....ട്രാഫിക് മര്യാദകള്‍ കാറ്റില്‍ പരത്തുന്ന വിവിധ അവസരങ്ങള്‍.....അങ്ങിനെയുള്ള ഡ്രൈവര്‍മാരുടെ വണ്ടികളുടെ താക്കോലുകള്‍ വളരെ സമര്‍ത്ഥമായി കൈവശപ്പെടുത്തുന്ന ആ ഗ്ലൌസ് ഇട്ട കൈകള്‍......ദൃശ്യം അവസാനിക്കുമ്പോള്‍ ക്യാമറ തിരിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ആ കൈകളിലേക്കും പിന്നെ തിരിച്ച് മലമൂപ്പന്റെയും കൂട്ടുകാരുടെയും അടുത്തേക്കും എത്തുന്നു....

സീന്‍ 8-C

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ബാലേട്ടനും കൂട്ടരും. ബാലേട്ടന്റെ പ്ലേറ്റില്‍ വളരെ ലളിതമായ വിഭവങ്ങള്‍ ആണ്....മലമൂപ്പനും കൂട്ടരും ആസ്വദിച്ചു കഴിക്കുന്നത് മിക്കതും നോണ്‍-വെജ് വിഭവങ്ങളാണ്. അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന അന്ജൂസ്. ഒരു വെയിട്ട്രസിന്റെ വസ്ത്രധാരണമാണെങ്കിലും  കെട്ടിലും മട്ടിലും ഒക്കെ ഒരു പ്രത്യേകത തോന്നിക്കുന്ന പ്രകൃതം. അനജൂസ് എന്നാ നെയിം ബോര്‍ഡ്‌ യൂനിഫോര്‍മിനു മുന്നില്‍ പിന്‍ ചെയ്തിട്ടുണ്ട്. 

വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ ഭക്ഷണം കഴിക്കുന്ന ബാലേട്ടന്റെ പാത്രത്തില്‍ ശ്രദ്ദിച് അന്ജൂസ്:

സാറിനു ചിക്കന്‍ എടുക്കട്ടെ 

ബാലേട്ടന്‍: വേണ്ട 

എന്നാല്‍ ഫിഷ്‌ ഫ്രൈ എടുക്കാം 

ബാലേട്ടന്‍: വേണ്ട .... ചിക്കനും ഫിഷും ഒന്നും  കഴിച്ചാല്‍ ശരിയാവില്ല

അന്ജൂസിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ഭക്ഷണം കഴിക്കുന്നത് പൂര്‍ത്തിയാക്കി കൈ കഴുകാന്‍ എഴുന്നേറ്റു പോകുന്ന ബാലേട്ടന്‍. അന്ജൂസിനെ കൌതകത്ത്തോടെ നോക്കുന്ന മലമൂപ്പന്‍, ഫ്രൈഡേ ബോയ്‌, നിഷ്ക്കു, വസീം എന്നിവര്‍.

അന്ജൂസിനോദ് ക്ഷമാപണത്തോടെ നിഷ്ക്കു: ക്ഷമിക്കൂ കുട്ടീ.....പുള്ളി  ഈ പറഞ്ഞതൊന്നും കഴിക്കില്ല എന്നത് ഞങ്ങള്‍ക്കും പുതിയ അറിവാണ്...

അന്ജൂസ്, കുസൃതിയോടെ: പുള്ളിക്കെന്താ പൈല്‍സ് ഉണ്ടോ?

ഫ്രൈഡേ ബോയ്‌: പൈല്‍സ് ഉണ്ടോ എന്നറിയില്ല....പക്ഷെ കയ്യില്‍ പൈസ ഇല്ലാ എന്നുറപ്പാണ്....(ശബ്ദം താഴ്ത്തി) .. പേരുകേട്ട പ്രാര്ബ്ധക്കാരനാ....

അന്ജൂസിന്റെ പൊട്ടിച്ചിരി ......പുറകില്‍, തിരിച്ചെത്തുന്ന ബാലേട്ടനെ കൗതുക പൂര്‍വ്വം ഒന്ന് കൂടി നോക്കി....സ്ഥലം കാലിയാക്കുന്ന അന്ജൂസ്.

ബാലേട്ടന്‍, നാല്‍വര്‍ സംഘത്തോടായി: എന്താണൊരു ചിരി?

വസീം: അല്ല ബാലേട്ടാ.....പാവം കുട്ടി......ജീവിക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന ആ കുട്ടിയോട് ബാലേട്ടന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു....

ബാലേട്ടന്‍: പാവം കുട്ടിയോ? ഹോട്ടല്‍ ഉടമകള്‍ ഒക്കെ എന്നുമുതലാ "പാവം" ആകാന്‍ തുടങ്ങിയത് 

മല, അത്ഭുതത്തോടെ: ഹോട്ടല്‍ ഉടമയോ? ആ കുട്ടിയോ?

ബാലേട്ടന്‍: തന്നെ തന്നെ......അഗ്നെസ് ഹില്‍സ്  എന്ന ഈ ഹോട്ടെലിന്റെ ഉടമ കാഞ്ഞിരപ്പള്ളി നസ്രാണി പാപ്പച്ചന്‍ ചേട്ടന്റെ ഒറ്റ മകള്‍ അഗ്നെസ് എന്ന അഅന്ജൂസ് ആണ് ആ പോയ വിത്ത്. ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കുന്ന അവള്‍ക്ക് ഇടക്കിടക്ക് ഇങ്ങനെ ഒരു സൂക്കേടുണ്ട്....

എല്ലാവരുടെയും മുഖത്ത് അത്ഭുതം. ഫ്രൈഡേ ബോയ്‌ സീറ്റില്‍ നിന്നും എണീറ്റ്‌ കൊണ്ട്: ഹെന്റെ ബാലേട്ടാ....തന്നെ?

ബാലേട്ടന്‍: തന്നെ തന്നെ. നിങ്ങടെ കളിയൊന്നും അവളോട്‌ വേണ്ട....ചിക്കന്‍ 65 ആക്കും നാലെണ്ണത്തിനെയും. തട്ടിക്കഴിഞ്ഞെങ്കില്‍ വേഗം വണ്ടി വിട് ....


സീന്‍ 9

മനസ്സില്ലാമനസ്സോടെ സീറ്റില്‍ നിന്നും എണീക്കുന്ന കൂട്ടുകാര്‍. അന്ജൂസിനെ ഒന്നുകൂടി  കാണണം എന്നാ മോഹം എല്ലാവരുടെയും മുഖത്തുണ്ട്.....തിരിഞ്ഞു നോക്കിക്കൊണ്ട്. ബാലേട്ടന്‍ ബില്ല് പേ ചെയ്യുന്നത് വരെ അവിടെ ചുറ്റിപ്പറ്റി  നിന്ന്, പിന്നെ പതുക്കെ പുറത്തെക്കിറങ്ങുന്ന സംഘം. കാര്‍ സ്ടാര്ട്ട് ചെയ്യുന്ന ബാലേട്ടന്‍.

വസീം, അല്‍പ്പം കുസൃതിയോടെ: ബാലേട്ടാ...കാറിന്റെ കീ ഒക്കെ ഉണ്ടല്ലോ അല്ലെ?
നിഷ്ക്കു: പിന്നെ! ബാലേട്ടന്‍ റാഷ് ഡ്രൈവിംഗ് ഒക്കെ പഠിക്കാന്‍ ഒരു മൂന്നു നാല് കൊല്ലം എടുക്കും.....അല്ലെ ബാലേട്ടാ? 

(പിന്നെ അല്‍പ്പം സീരിയസ് ആയി) - ബാലേട്ടന്റെ ഫ്ലാറ്റ് ഇവിടുന്നു എത്ര കിലോമീറ്റെര്‍ വരും?

ബാലേട്ടന്‍: അത് നീ എന്നെ ഒന്ന് ആക്കിയതാണോ ഡാ? പത്തു മിനുട്ട് കൊണ്ട്, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വച്ചു ഡ്രൈവ് ചെയ്‌താല്‍ എത്ര കിലോ മീറ്റെര്‍ എടുക്കും, നീ തന്നെ പറ...

പിന്നെ എല്ലാവരോടുമായി:
ഡേ.....എന്റെ ഫ്ലാറ്റിലേക്ക് പോകുന്നത് ഒക്കെ കൊള്ളാം.....നാളെ വൈകീട്ട് ഞാന്‍ നാട്ടില്‍ പോയി കഴിഞ്ഞാല്‍ പിന്നെ നീ ഒക്കെ എന്തുണ്ടാക്കുമോ ആവോ.....നൈബെര്‌സിനെ കൊണ്ട് പറയിക്ക്വോ നിങ്ങള്?

മല: അല്ല ബാലേട്ടാ......നിങ്ങള്‍ നമ്മുടെ കൂടെ ഈ രാത്രി മാത്രമേ ഒന്നിച്ചുണ്ടാവൂ എന്നോര്‍ക്കുമ്പോള്‍.....ഇപ്പൊ നാട്ടിലേക്ക് എന്തിനാ നിങ്ങള്‍ ഇത്ര തിരക്കിട്ട് ഓടുന്നത്?

ബാലേട്ടന്‍: ക്ഷമിക്കണം -- ചില കുടുംബ കാര്യങ്ങള്‍...സരോല്ലെട...നിങ്ങ രണ്ടു ദിവസം കഴിഞ്ഞു കൂര്‍ഗിലെക്ക് വിട്ടോ....ഞാന്‍ നേരിട്ട നാട്ടില്‍ നിന്നും അവിടെ എത്താന്‍  നോക്കാം...

വസീം: നോക്കിയാല്‍ പോര ബാലേട്ടാ.....നിങ്ങ കയ്യീന്ന് പൈസ ഇട്ടു റിസോര്‍ട്ട് ഒക്കെ ബുക്ക്‌ ചെയ്തിട്ട്...നിങ്ങള്‍ വാരാതെ......അത് ശരിയാവൂല....

മല: ബാലേട്ടാ.....ഒരു കാര്യമുണ്ട്....പ്രാരബ്ധം പറയുമെങ്ങിലും.......ഞങ്ങള്‍ക്ക് ഇത്ര നേരായിട്ട് ബാലേട്ടന്‍ ഒരു പ്രാരാബ്ധക്കാരന്‍ ആയിട്ട് തോന്നീട്ടില്ല......ത്രീ സ്റ്റാര്‍ ഹോട്ടെലില്‍ നിന്ന് ലഞ്ച്....ഇനി ബാലേട്ടന്റെ വക ലക്ഷുറി ഫ്ലാറ്റില്‍ താമസം.....ഇന്ന് രാത്രി നമ്മക്ക് അടിച്ചു പോളിക്കണം .....എന്ത് പറേന്നു?

തലയാട്ടി ചിരിച്ചു കൊണ്ട് മുന്നോട്ട് സൂക്ഷിച്ച് നോക്കി പതുക്കെ ഡ്രൈവ് ചെയ്യുന്ന ബാലേട്ടന്‍....

വസീം, അല്‍പ്പം സംശയത്തോടെ: അല്ല ബാലേട്ടാ.....ഇത്രയോക്കെ ആയിട്ടും നിങ്ങള്‍ ഒരു കാര്യം പറഞ്ഞിട്ടില്ല....നിങ്ങക്ക് ശരിക്കും എന്താ പണി?

ബാലേട്ടന്‍: ഞാന്‍ എല്ലാ പണിയും എടുക്കും ഡാ....സത്യത്തില്‍ ഞാനൊരു എഴുത്തുകാരനാണ്‌...

വസീം, അത്ഭുതത്തോടെ: അള്ളാ ...എഴുത്തുകാരനോ? ബ്ലോഗെഴുതീട്ട് നിങ്ങ പൈസ ഉണ്ടാക്കുന്നുണ്ടോ??  

ബാലേട്ടന്‍: ചെയ്.....നീ എന്നെ തെറ്റിദ്ധരിച്ചു....ഞാന്‍ ഉദേശിച്ചത് ആധാരം എഴുത്ത് ആണെടാ.....

നിഷ്ക്കു: ബാലേട്ടാ....ഈ ബംഗ്ലൂര്‍ ഒക്കെ ആധാരം എഴുതിയാല്‍ നല്ലോണം തടയുമാരിക്കും അല്ലെ? റിയല്‍ എസ്റ്റേറ്റിന്റെ പൂത്തിരുവാതിര അല്ലെ?

ബാലേട്ടന്‍: വല്ല്യ കുഴപ്പം ഇല്ലാതെ പോകുന്നെടാ.....

വസീം വീണ്ടും. അവനു സംശയം മാറീട്ടില്ല: അല്ല ബാലേട്ട...നിങ്ങക്ക് കന്നഡ ഒക്കെ നല്ലോം അറിയാരിക്കും അല്ലെ.....ഈ ആധാരം ഒക്കെ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭാഷ അല്ലെ?

ബാലേട്ടന്‍: നെനെക്കെന്താ ഒരു സംശയം?

വസീം: എന്നാ ബാലേട്ടാ......ചമയാവകാശം എന്നാ വാക്ക് കന്നടയില്‍ എങ്ങനാ പറയ്ക?

ഫ്രൈഡേ, ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട്: ബാലേട്ടാ....ടെസ്റ്റിംഗ് ...ഇവിടെ ടെസ്റ്റിംഗ് ടെസ്റ്റിംഗ്.....

ബാലേട്ടന്‍, രക്ഷപ്പെടാന്‍: ഡാ.....കന്നടയില്‍ ആ വാക്ക് ഒരു മുട്ടന്‍ തെറിയാ.....നീ എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത്....

വസീം, കണ്ഫ്യൂസ് ആയി: അതെങ്ങിനെയാ ബാലേട്ടാ.....അത് ആധാരം എഴുത്തിലെ ഒരു ടെര്‍മ് അല്ലെ?

മല, ബാലേട്ടനെ രക്ഷപ്പെടുത്താന്‍: ഡേ ....നീ ആരുവാ......... ഇവന്റെ ഒരു ടെസ്റ്റിംഗ്. നീ എന്നെ കൊണ്ട്  നല്ല പച്ചമലയാളത്തില്‍ തെറി പറയിക്കല്ലേ..!

വാസീമും മലമൂപ്പനും തമ്മില്‍ വണ്ടിയില്‍ ഇരുന്നു തല്ലു കൂടുന്നു.......ആ കാഴ്ച ആസ്വദിക്കുന്ന മറ്റുള്ളവര്‍......കാറിലെ സ്റ്റീരിയൊ ഉറക്കെ വെക്കാന്‍ ശ്രമിക്കുന്ന ഫ്രൈഡേ ബോയ്‌, ശബ്ദം കുറക്കാന്‍ ശ്രമിക്കുന്ന ബാലേട്ടന്‍......കളിയും ചിരിയുമായി ആ സംഘം യാത്ര തുടരുകയാണ്. 

പെട്ടന്ന് ബാലേട്ടന്‍ റിയര്‍ വ്യൂ മിററില്‍ എന്തോ ശ്രദ്ദിക്കുന്നു. .തിരഞ്ഞു നോക്കി: "പണി പാളിയോടാ? പുറകില്‍ പോലീസ്"

നാല് പേരും ഒന്ന് ഞെട്ടുന്നു....അവരും പുറകിലേക്ക് തിരിഞ്ഞു നോക്കുന്നു.....ഹോണ്‍ മുഴക്കിക്കൊണ്ട് ഒരു പോലീസ് ജീപ്പ് പുറകില്‍ ഉണ്ട്......വേഗത കുറയ്ക്കുന്ന ബാലേട്ടന്‍.....


സീന്‍ 9 A 

പോലീസ് ജീപ്പ് പതുക്ക് ഓവറ്റെയിക് ചെയ്തു വന്ന് ബാലേട്ടന്റെ കാറിനു മുന്നിലായി പാര്‍ക്ക് ചെയ്യുന്നു....ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങുന്ന പൂക്ക്. ഒരു സീനിയര്‍ ഓഫീസറുടെ  മറ്റും ഭാവവും.

ബലെട്ടനൊടു കൈ ഉയര്‍ത്തി വീശി ഹൈ പറഞ്ഞു കാറിനടുത്തെക്ക് നടക്കുന്ന പൂക്ക്. കാറിലുള്ള എല്ലാവര്ക്കും ഇപ്പോള്‍ ശ്വാസം നേരെ വീണിട്ടുണ്ട്. ആശ്വാസത്തോടെ ബാലേട്ടന്‍ പൂക്കിനെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നു.

ഇത് DYSP പൂക്ക്. നാട്ടില്‍ എന്റെ  അയല്‍ക്കാരനാ...(തിരിഞ്ഞു പൂക്കിനോടായി): ഇത് നമ്മടെ പിള്ളാരാ -- രണ്ടു ദിവസം അടിച്ചു പൊളിക്കാന്‍ ഇങ്ങോട്ട് വിട്ടതാ...

മലയും കൂട്ടരെയും അഭിവാദ്യം ചെയ്യുന്ന പൂക്ക്. തിരിഞ്ഞു ബാലെട്ടനോടായി: ഡാ ഒരു മിനുട്ട്....ഒന്നിങ്ങു വന്നെ...
പൂക്കിന്റെ കൂടെ സംസാരിച്ചു കൊണ്ട് ജീപ്പിനരികിലെക്ക് പോകുന്ന ബാലേട്ടന്‍. അത് നോക്കി നില്‍ക്കുന്ന കൂട്ടുകാര്‍.

ബാലെട്ടനോടു സംസാരിച്ച്, തിരിച്ച് ജീപ്പ് ഓടിച്ചു പോകുന്ന പൂക്ക......തിരികെ വന്നു വണ്ടി സ്റ്റാര്ട്ട് ചെയ്യുന്ന ബാലേട്ടന്‍.

ബാലേട്ടനെ ഉറ്റു നോക്കുന്ന കൂട്ടുകാര്‍. എന്താണ് സംസാരിച്ചതെന്ന് അറിയാന്‍ അവര്‍ക്ക് താല്‍പ്പര്യം ഉണ്ട്. അത് മനസ്സിലാക്കിയ പോലെ ബാലേട്ടന്‍: അവനു നാട്ടില്‍ ചെറിയ ഒരു ആവശ്യം....ഞാന്‍ പോകുന്നുണ്ടല്ലോ..അതൊന്നു സെറ്റില്‍ ആക്കാന്‍ പറയാന്‍ വന്നതാ...

....പെട്ടന്ന് സ്വരം മാറ്റി.....ഡാ നമ്മള്‍ എത്തിക്കഴിഞ്ഞു...!


സീന്‍ 9 B

വണ്ടി ഇപ്പോള്‍ ബാലേട്ടന്റെ അപര്‍ത്മെന്റ്റ് കൊമ്പ്ലെക്സിലെക്ക് കടന്നു കഴിഞ്ഞു.....ഫ്ലാറ്റ് സമുച്ചയവും മറ്റും കൌതുകത്തോടെ നോക്കിക്കാണുന്ന കൂട്ടുകാര്‍. വണ്ടി പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുന്ന ബാലേട്ടനും കൂട്ടരും. വണ്ടിയില്‍ നിന്നും സാധനങ്ങള്‍ പുറത്തേക്ക് എടുത്ത് എല്ലാരും ലിഫ്റ്റിനു അരികിലേക്ക്.....

സീന്‍ 9-B 

സംഘത്തെ തന്റെ ഫ്ലാറ്റിനുള്ളിലേക്ക് നയിക്കുന്ന ബാലേട്ടന്‍. ലളിതവും എന്നാല്‍ മനോഹരവുമായ രീതിയില്‍ സജ്ജീകരിച്ച ഒരു അപ്പര്‍ത്മെന്റ്റ് ആണ് അത്. ചുറ്റും നിരീക്ഷിച്ച് ബാഗുകള്‍ ഓരോ മുറികളായി നിക്ഷേപിച്ച് സെറ്റിയിലേക്ക് ചായുന്ന സംഘം. എല്ലാവരും ക്ഷീണിതരാണ്. ഒരു നല്ല ഉറക്കം എല്ലാവരെയും മാടി വിളിക്കുന്നുണ്ട്.

അതിനിടയില്‍ പതുക്കെ അടുക്കളയിലേക്ക് കടക്കുന്ന ഫ്രൈഡേ ബോയ്‌.....അടുക്കള ആകപ്പാടെ ഒന്ന് നിരീക്ഷിച്ച് അവന്‍ ഫ്രിഡ്ജ് പതുക്കെ തുറക്കുന്നു.....തനിക്കു വേണ്ട സാധനം.....ഹൈനെക്കന്റെ ഒരു കേയിസ് ബിയര്‍ കാണുമ്പോള്‍ അവന്റെ മുഖം പ്രകാശിക്കുന്നു.....ഫ്രൈഡേയെ തള്ളി മാറ്റി ഫ്രിട്ജിലെക്ക് രാവിലെ വാങ്ങിയ ചിക്കനും മീനും ഒക്കെ വെയ്ക്കുന്ന ബാലേട്ടന്‍.....

"ആക്രാന്തം കാണിക്കാതെടാ....നെനെക്ക് വേണ്ടതെല്ലാം ഇതിലുണ്ട്...."

"ബാലേട്ടാ....രാത്രി നമ്മക്കൊരു കലക്ക കലക്കാം...."

സീന്‍ 10
രണ്ടു മുറികളിലായി ഉച്ചയുറക്കത്തില്‍ ബാലേട്ടന്‍, നിഷ്കു, മലമൂപ്പന്‍, വസീം, ഫ്രൈഡേ ബോയ്‌ എന്നിവര്‍....  സമയം 5 മണി അടിക്കുന്ന ശബ്ദം....ഉറക്കത്തില്‍ നിന്നും പതുക്കെ എഴുന്നേല്‍ക്കുന്ന വസീം. അവന്‍ കണ്ണുകള്‍ തിരുമ്മി പതുക്കെ ഹാളിലേക്ക്....

അല്‍പ്പ നേരം ടീവിയില്‍ ചാനലുകള്‍ മാറ്റി മാറ്റി നോക്കി സമയം കൂട്ടിയതിനു ശേഷം അവന്‍ പതുക്കെ എണീക്കുന്നു....പുറത്ത് ലിഫ്റ്റ്‌ തുറക്കുന്ന ശബ്ദം.....സഹജമായ കൌതുകത്തോടെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നു പുറത്തേക്ക് പാളി നോക്കുന്ന വസീം.....

ലിഫ്റ്റില്‍ നിന്നും ഇറങ്ങിയ വിന്‍ഡ്ചീട്ടെര്‍ ജാകെറ്റ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ പെട്ടന്ന് വാസീമിന് മുന്നിലേക്ക്. വാസീമിനെ മുന്നില്‍ പെട്ടെന്ന് കണ്ടപ്പോള്‍ അയാള്‍ ജാക്കെറ്റ്‌ ഉയര്‍ത്തി പെട്ടന്ന് മുഖം ആകെ മറക്കുന്നു.

മുഖം ഒരു നോക്ക് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ എങ്കിലും.....വാസീമിന്റെ മുഖത്ത് ഒരു സംശയ ഭാവം.....ഈ ചെറുപ്പക്കാരനെ അയാള്‍ എവിടെയോ കണ്ടിട്ടുണ്ട്......ചെറുപ്പക്കാരനെ പിന്തുടരുന്ന വാസീമിന്റെ കണ്ണുകള്‍.....അയാള്‍ കൊറീഡോറിന്റെ അങ്ങേ അറ്റത്തുള്ള ഫ്ലാറ്റിലേക്ക് കയറി എന്ന് മനസ്സിലായപ്പോള്‍.....ചിന്താ ഭാരത്തോടെ തന്റെ വാതില്‍ അടക്കുന്ന വസീം.....അവന്‍ എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്...

ഇതിനടയില്‍ സ്വീകരണ മുറിയിലേക്ക് കടന്നു വരുന്ന മറ്റു സംഘാങ്ങള്‍.....നല്ല ഒരു ഉച്ചയുറക്കം എല്ലാവരുടെയും ക്ഷീണം അല്‍പ്പം ഒന്ന് മാറ്റിയിട്ടുണ്ട്.....അടുക്കളയില്‍ നിന്നും കപ്പുകളില്‍ ചായയുമായി അവരുടെ ഇടയിലേക്ക് കടന്നു വരുന്ന ബാലേട്ടന്‍......കപ്പുകള്‍ കയ്യില്‍ വാങ്ങി ചൂട് ചായ മൊത്തിക്കുടിക്കുന്ന കൂട്ടുകാര്‍.....

മലമൂപ്പന്‍: എന്തായാലും ബാലേട്ട...ബംഗ്ലൂര്‍ ഇപ്പോളും ബംഗ്ലൂര്‍ തന്നെ....പോളപ്പന്‍  ക്ലൈമറ്റ് തന്നെ അല്ലെ? തണുപ്പത്ത് ചൂട് ചായ ആസ്വദിച്ചു കുടിക്കുന്ന മല. അയാളെ. ഒന്ന് വാരിക്കൊണ്ട് ഫ്രൈഡേ ബോയ്‌:

മൂപ്പാ....നിങ്ങടെ വയനാടന്‍ കാട്ടില്‍ ഇതിലും നല്ല ക്ലൈമറ്റ് ഇല്ലേ.....പിന്നെന്താ....

മൂപ്പന്‍: (കളിയായി) - വേണ്ടാ, വേണ്ടാ, വയനാടന്‍ കാട്ടിനെ പറഞ്ഞാല്‍ ഞാന്‍ ശുട്ടിടുവേന്‍......

ഇതിനിടയിലെക്ക് കടന്നു വരുന്ന നിഷ്ക്കു. അവനു ബാലെട്ടനോട് എന്തു പറയാന്‍ ഉള്ളത് പോലെ.... നിഷ്ക്കുവിന്റെ മുഖത്ത് ഒരു ചെറിയ ചമ്മലുണ്ട്. അത് മാറ്റി വച്ച് അവന്‍ ബാലെട്ടനോട്:

ബാലേട്ടാ എനിക്കൊരു മോഹമുണ്ട്......ബ്രിഗേഡ് റോഡില്‍ പോയി എന്റെ ഗുരുനാഥന്‍ സാത്തിനെ ഒന്ന് ദര്‍ശിക്കണം എന്ന്....ബാലേട്ടന്‍ അതൊന്നു സാധിച്ചു തരണം....

ബാലേട്ടന്‍: അതിനെന്താടാ നമുക്ക് പോകാം......

മലമൂപ്പന്‍, അല്‍പ്പം സംശയത്തോടെ: അതൊക്കെ നടക്കുമോ ബാലേട്ട? സാത്ത് ഗുരുവിനെ അത്ര പെട്ടെന്ന് ഒന്നും കാണാന്‍ പറ്റില്ലാന്നാ കേട്ടത്.....

ബാലേട്ടന്‍, എല്ലാവരോടുമായി.....

നമുക്ക് ട്രൈ ചെയ്യാടാ......നാളത്തെ ദിവസം നമ്മള്‍ ബ്രിഗേഡ് റോഡില്‍ ചിലവിടുന്നു.....സാത് ഗുരുവിനെ കാണുന്നു.....KFCയില്‍ കയറി ഗുരു പ്രസാദമായ ബര്‍ഗര്‍ തിന്നുന്നു.....പിന്നെ എന്തോക്കെയാ വേണ്ടത്?

നിഷ്കു ആഹ്ലാദത്തോടെ ബാലേട്ടനെ കെട്ടിപ്പിടിച്ച്: മതി ബാലേട്ട.....താങ്ക്യൂ....!

മലമൂപ്പന്‍, ഒരു കൃത്രിമ ഗൌരവത്തോടെ, അല്‍പ്പം തമാശയും അല്‍പ്പം കാര്യവുമായി: ബ്രിഗേഡ് റോഡില്‍ പോവ്വാ, ചിക്കന്‍ ബര്‍ഗര്‍ തിന്ന്വാ.....സാത്ത് ഗുരുവിനെ കാണ്വാ.....ദിതൊക്കെ നെന്നെ ക്കൊണ്ട് കൂട്ടിയാല്‍ കൂടുമോ ബാലാ.....

ഒരു കൂട്ടച്ചിരി....അത് വക വെക്കാതെ ബാലേട്ടന്‍: ഒക്കെ ട്രൈ ചെയ്യാമെന്നെ ഞാന്‍ പറയുന്നുള്ളൂ......പിന്നെ എല്ലാ കളികളും വൈകിട്ട് നാല് മണിവരെ....കൃത്യം അഞ്ചു മണിക്ക് എന്റെ കണ്ണൂരോട്ടുള്ള ബസ്‌   മജെസ്ടിക്കില്‍ നിന്നും പുറപ്പെടും......പോക്കറ്റില്‍ നിന്നും ബസ്‌ ടിക്കറ്റ്‌ പുറത്തെടുക്കുന്ന ബാലേട്ടന്‍..

ടിക്കറ്റ്‌ കയ്യില്‍ വാങ്ങി ഫ്രൈഡേ ബോയ്‌: അയ്യേ ബാലേട്ട....എന്താ ഇത്....KSRTC ഓര്‍ഡിനറിയോ? ഒരു സ്ലീപ്പേര്‍ എങ്കിലും എടുത്തു കൂടെ നിങ്ങക്ക്?

ബാലേട്ടന്‍, അല്‍പ്പം ചമ്മലോടെ ടിക്കറ്റ്‌ വാങ്ങി കീശയില്‍ ഇട്ടു: ഞാന്‍ ഒറ്റക്കല്ലെടാ...ഇതൊക്കെ മതി..

ഫ്രൈഡേ: ബാലേട്ടന്‍......എന്തായാലും തന്റെ പ്രാരബ്ധങ്ങള്‍ ഫ്രിഡ്ജിലും കാണിക്കാഞ്ഞത് നമ്മടെ ഭാഗ്യം......ബാലേട്ടാ....എന്നാ തുടങ്ങ്വല്ലേ?

നിഷ്ക്കു (ഈണത്തില്‍): പോരട്ടെ.....ഹൈനക്കാന്‍ പോരട്ടെ......ഹൈനക്കന്റെ കൂടെ തൊട്ടുനക്കാന്‍ ബാലേട്ടന്റെ നെയ്മീന്‍ ഫ്രൈയും പോരട്ടെ.......കുപ്പികള് പൊട്ടിക്കാന്‍ ഫ്രൈഡേ ബോയും പോരട്ടെ.....

സീന്‍ 11 

ഒരു പാട്ടിന്റെ തുടക്കം.....പാര്‍ട്ടിയുടെ വിവിധ ഭാഗങ്ങള്‍ മുതല്‍ പിറ്റേന്ന് ബ്രിഗേഡ് റോഡിലേക്കുള്ള യാത്ര വരെ ഒരു ഗാന രംഗത്തിലൂടെ അനാവരണം ചെയ്യുന്നു.....

ഗാനരംഗത്തില്‍ വന്നു പോകുന്ന ചില ദൃശ്യങ്ങള്‍:

നിഷ്ക്കുവിന്റെ ബാഗില്‍ നിന്നും ചാലീ പാലയുടെ ഫോട്ടോ കണ്ടെടുത്ത് അത് ബാലേട്ടന് കാട്ടിക്കൊടുക്കുന്ന വസീം....അത് കണ്ട് നിഷ്ക്കുവിനെ അടിക്കാന്‍ ഓടുന്ന ബാലേട്ടന്‍....

അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്ന ബാലേട്ടന്‍, ബാലേട്ടനെ സഹായിച്ചുകൊണ്ട് മലമൂപ്പന്‍, വസീം എന്നിവര്‍....

വെള്ളമടിക്ക് ഇടയില്‍ കാര്യാമായി ട്വീട്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന മലമൂപ്പന്‍.....അത് പാടില്ല എന്ന് ആങ്ക്യം കാണിക്കുന്ന കൂട്ടുകാര്‍....പുറകിലൂടെ ചെന്ന് മലയുടെ മൊബൈല്‍ ഫോണ്‍ കരസ്ഥമാക്കി എവിടെയോ ഒളിച്ചു വെക്കുന്ന ബാലേട്ടന്‍....

ടീവിയില്‍ ആവേശ പൂര്‍വ്വം ഏതോ ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്ബാള്‍ മത്സരം കാണുന്ന കൂട്ടുകാര്‍.....മടുപ്പോടെ  ഒരു മൂലയില്‍ കൂനിപ്പിടിച്ചിരിക്കുന്ന ബാലേട്ടന്‍.....

കൊറീഡോറിന്റെ അങ്ങേ അറ്റത്തെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നു പുറത്തെക്കിറങ്ങുന്ന ഇരുണ്ട വസ്ത്രം ധരിച്ച രൂപം...മുന്പ് വസീം കണ്ട ചെറുപ്പക്കാരന്‍ ആയിരിക്കാം അത്.....ഇരുണ്ട ഇടനാഴിയിലൂടെ വന്നു ലിഫ്റ്റില്‍ കയറി താഴേക്ക് പോകുന്ന രൂപം.....ലിഫ്റ്റ്‌ തുറന്നടഞ്ഞു താഴേക്ക് പോയതിനു ശേഷം ക്യാമറ തിരിയുന്നത് ഒളിഞ്ഞു നിന്ന് ഇതൊക്കെ കാണുകയായിരുന്ന വാസീമിന്റെ മുഖത്തേക്ക് ആണ്.

പിറ്റേന്നു പ്രഭാതം....ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്ക് നോക്കുന്ന ഫ്രൈഡേ ബോയ്‌. താഴെ ജോഗ് ചെയത് കൊണ്ടിരിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയില്‍ അവന്റെ കണ്ണുകള്‍ ഉടക്കുന്നു.

തന്റെ ബാഗ്‌ തുറന്നു ജോഗ്ഗിംഗ് ഡ്രസ്സ്‌ ഒരുവിധത്തില്‍ വലിച്ചു വാരി കയറ്റി പുറത്തേക്ക് ഓടുന്ന ഫ്രൈഡേ ബോയ്‌. അവന്‍ ഇപ്പോള്‍ ആ പെണ്‍കുട്ടി ജോഗ് ചെയ്ത വഴിയെ അവളെയും തേടി വേഗത്തില്‍ ഓടുകയാണ്......

അപ്പോള്‍ മറ്റേ അറ്റത്തു നിന്നും ഒരു സര്‍ദാര്‍ജിയുടെ കൂടെ (ഭര്ത്താവായിരിക്കാം) തിരിച്ച് ജോഗ് ചെയ്തു കൊണ്ട് വരുന്ന പെണ്‍കുട്ടി.  സര്‍ദാര്‍ജിയെ കണ്ടു ഭയന്ന് ശരവേഗത്തില്‍ തിരിച്ചോടുന്ന ഫ്രൈഡേ ബോയ്‌. അവന്‍ ചെന്ന് പെടുന്നത് അവന്റെ പ്രവൃത്തികള്‍ നിരീക്ഷിച്ചു കൊണ്ട് പുറകെ ജോഗ് ചെയ്തു വരികായിരുന്ന  മല നിഷ്ക്കു,വസീം ത്രയത്തിന്റെ മുന്നിലേക്കാണ്‌ --

ഫ്രൈഡേയുടെ ചമ്മല്‍ കണ്ടു കൂവുന്ന കൂട്ടുകാര്‍...അവരെ ഒഴിവാകാന്‍ മുന്നാമാതൊരു വഴിയെ മുകേഷ് സ്റ്റ്യിലില്‍ കുതിച്ചോടുന്ന ഫ്രൈഡേ ബോയ്‌.

സംഘം വണ്ടിയില്‍ ബ്രിഗേഡ് റോഡിലേക്ക് പുറപ്പെടുമ്പോള്‍ ഗാനം അവസാനിക്കുന്നു....

(...തുടരും )

പാര്‍ട്ട് 3
പാര്‍ട്ട് 4

6 comments:

  1. കൊള്ളാം. ഒരു എപിഡോസിനു വേണ്ടതിലും ദൈ൪ഘ്യം കൂടിപ്പോയോന്നൊരു കുന്നിക്കുരു ഡൌട്ട്. അത് കാര്യമാക്കണ്ട. കഥയിലെ ആ സസ്പ൯സ് നിലനി൪ത്തിയിട്ടുണ്ട്.

    ReplyDelete
  2. The blog owner holds intellectual property rights to all the works appearing on this blog. Any effort to recreate the works in any format would come under copyright infringeme

    ReplyDelete
  3. hmm.. 1st part-nte detailed scripting style 2nd part-il athhraykkangu follow cheythillallo... ennalum, interesting thanne tto :).. capable of hooking the reader till the end!.. Hoping that 3rd part will be more interesting... :) :)

    ReplyDelete
  4. Arathikj - The second part was more dialogue-driven. Detailed scripting would have stretched the narration. So, adopted more of a story-style narration this time. Still some think the second part was lengthy :-) Thanks all!

    ReplyDelete
  5. സെക്കണ്ട് പാര്‍ട്ട് ലെങ്ങ്തി ആയിപ്പോയി ബാലേട്ടാ. ഏറെക്കുറെ ഒരു സിനിമ കാണുന്ന പ്രതീതി ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡീറ്റൈലിങ്ങ് ആവാമായിരുന്നു. ലെങ്ങ്ത് കൂടിയാല്‍ കട്ട് ചെയ്ത് രണ്ട് എപ്പിസോഡ് ആക്കിയാല്‍ മതിയാരുന്നു. എനിവേ, ദേര്‍ ഇസ് എ ഫിലിംമേക്കര്‍ ഇന്‍ യു. സിനിമാ ശൈലി ഉണ്ട് എഴുത്തിന്. ആശംസകള്. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete