10/10/17

അമ്പയർ ബാലേട്ടൻ

കോളിംഗ് ബെൽ അടിച്ചത് കേട്ട് വാതില് തുറന്നു പുറത്തേക്ക് ചെന്നപ്പോ ഒരു കൂട്ടം ചെറുപ്പക്കാർ അങ്ങിനെ നിരന്നു നിൽക്കുകയാണ്. ഒരു പത്ത് പതിനഞ്ചു പേരുണ്ട്.

ഇതെന്ത് കൂത്ത്! ഇന്നെന്താ വിഷുവോ.

ഓ സോറി ഫ്രൻസ്...ഞാൻ കരുതി ഇതെന്റെ വീടാണെന്ന്, എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോ ഒരുത്തൻ ചോദിച്ചു.

ബാലേട്ടനല്ലേ?

പുറത്തേക്കു നടന്നു തുടങ്ങിയിരുന്ന ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.

ദൈവമേ പെട്ടു!

ട്വിറ്റെർ ഫോളോവർസ് ആണല്ലോ കൂടും കുടുക്കയും പറിച്ചു വന്നിരിക്കണത്!

എല്ലാം കുഞ്ഞിക്കയുടെ ഫാൻസ്‌ തന്നെ.  പരിപ്പുവടയും ചായയും കൊണ്ട് വന്നിരിക്കുകയാണ്! ബാലേട്ടന് പൊങ്കാല ഇടാൻ.

സംഭവം സിംപിൾ ആണ്. പക്ഷെ പവർഫുളുമാണ്‌. അതാണ് പ്രശ്നം.

സോളോ എന്ന തന്റെ പുതിയ ചിത്രത്തിന് ലഭിച്ച മോശം പ്രതികരണത്തിൽ മനം നൊന്ത് നമ്മുടെ കുഞ്ഞിക്ക രാജൂവേട്ടൻ തോറ്റു പോകുന്ന ഇങ്കളീഷിൽ ഒരു FB പോസ്റ്റ് ഇട്ടിരുന്നു. ആ നെഞ്ചത്തടിയും നെലോളിയും സഹിക്കാതെ, ഞാൻ, അതായത് ട്വിറ്ററിലെ ബാലേട്ടൻ എന്തോ ട്വീറ്റ് ചെയ്തിരുന്നു.

അത് ചോദിക്കാൻ വന്നേക്കണ കൊടും ഫാൻസ്‌ ആണ് മുന്നിൽ നിൽക്കണത്.

ആ കണ്ണട ധരിച്ച ട്വീപ്പാവും അച്ചു. പരിപ്പ് വട ചായ വാണിംഗ് ആദ്യം തന്നത് അവനാണ്.
തൊട്ടു പിന്നിൽ HONEY എന്നെഴുതിയ ടീ ഷർട്ട് ധരിച്ചു നിൽക്കുന്നവൻ തേനിൽ മുക്കിയ ചതി ആവാനാണ് സാധ്യത.

പാരലൽ ട്വിറ്ററിലെ ഒരുവിധം എല്ലാ ഫാൻസും എത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്തേ തീരൂ.

ഇതൊക്കെ ചിന്തിച്ചു നില്ക്കുമ്പോ എല്ലാരും കൂടെ വീടിനു അകത്തേക്ക് കടന്നു. സ്വീകരണമുറി "വൈറ്റ്" സിനിമയുടെ ഫാൻസ്‌ ഷോ പോലെ നിറഞ്ഞു കവിഞ്ഞു.

എല്ലാർക്കും ചായ എടുക്കട്ടേ എന്ന് ചോദിക്കണം എന്നുണ്ട്. പക്ഷെ ഇവൻമാരോട് ചായ എന്ന് പറയാൻ ഒരു മടി.

കുഴപ്പമില്ല...വേറെ വഴിയുണ്ട്. എന്നോടാ കളി! ഞാൻ ചോദിച്ചു:

കോഫി എടുക്കട്ടേ?

എന്താ ഇത് ബാലേട്ടാ...കോഫി വച്ച് കളിക്കാനാ ഭാവം? നമുക്ക് പോണ്ടേ?

സോഫയിൽ ഇരുന്നു ഇരുന്നിട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന ട്വീപ്പ് ചോദിച്ചു. ഇവനാവും ദശമൂലം എന്ന ട്വീപ്പ്‌.

(കൊല്ലാനാണോടേ?)

എങ്ങോട്ട്, ഞാൻ വിക്കി വിക്കി ചോദിച്ചു.

എന്റെ ബാലേട്ടാ....ഞങ്ങളാ ഇന്നലെ ഫോണിൽ വിളിച്ചത്. ഇന്നത്തെ കോളേജ് ക്രിക്കറ്റ് ടൂർണമെന്റിൽ അമ്പയർ നിൽക്കാം എന്നേറ്റത് മറന്നു പോയോ?

അമ്പയറോ!! ലെഗ് ബൈ ഏത്... വൈഡ് ഏത് എന്ന് പിടിത്തമില്ലാത്ത ഈ എന്നോടോ ബാലാ.....!

എണീറ്റ് പോടാ ചെറുക്കാ, എന്ന് പറയാനാണ് ആദ്യം തോന്നിയത്. GST വന്നിട്ട് പോലും മനഃസംയമാനം കൈവിടാത്ത എന്നെ ആണ് ഇവൻമ്മാര്
രാവിലെ തന്നെ...

പകരം ഞാൻ ഇങ്ങനെ പറഞ്ഞു:

നിങ്ങൾ അന്വേഷിക്കുന്ന അമ്പയർ ബാലേട്ടൻ ഈ വീടിന്റെ ഓണർ ആണ്. ഞാൻ ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഒരു പാവം. ബാലേട്ടൻ ഇപ്പൊ താമസിക്കുന്ന വീട് ഇവിടുന്നു രണ്ടു വീട് അപ്പുറത്താണ്.

ഒരു നൂറു തവണ ക്ഷമ ചോദിച്ചു കൊണ്ട് അവൻമ്മാർ ഇറങ്ങിപ്പോയി. പോകുന്ന പോക്കിൽ തേ. മൂ. ച. എന്ന് ഞാൻ സംശയിച്ച ട്വീപ്പ് എന്നെ അർഥം വച്ച്‌ ഒന്ന് നോക്കി.

ഒരു പരിചയോം ഇല്ലാത്ത കുറച്ചു പേരെ വീട്ടിൽ കയറ്റി ഇരുത്തി കോഫി എടുക്കട്ടെ എന്ന് ചോദിച്ച തന്നെ ഒക്കെ സമ്മതിക്കണം, എന്നായിരുന്നോ ആ നോട്ടത്തിന്റെ അർഥം?

                             *******

കുറെ കാലം കൂടി ഇന്നലെ നൈറ്റ് ഷിഫ്റ്റ് ചെയ്തു. രാവിലത്തെ ഉറക്കത്തിനിടയിൽ കണ്ട സ്വപ്നമാണ് മുകളിൽ പറഞ്ഞ കഥ.

ഇത് ആദ്യത്തെ അനുഭവം അല്ല. മുഴുനീള തിരക്കഥകൾ പോലും ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. ഞെട്ടി ഉണർന്നു വിചാരിക്കും, രാവിലെ എഴുന്നേറ്റ് ഇത് എഴുതി വയ്ക്കണം എന്ന്. പക്ഷെ രാവിലെ ആകുമ്പോഴേക്കും കണ്ടതൊക്കെ ഒട്ടു മുക്കാലും മറന്നിരിക്കും.

അങ്ങിനെ ഞാൻ എഴുതാതെ പോയ ആ കഥകൾ കാരണമാവും കുറച്ച് എങ്കിലും ബഹുമാനം ഇന്നും നിങ്ങൾ എനിക്ക് തരുന്നത്.

വല്ലതും മനസ്സിലായോ?

2 comments:

  1. ബാലേട്ടൻ ഈസ് ബാക്ക്
    എന്നും ഇത്തരം ദുസ്സ്വപ്നങ്ങൾ കാണാൻ കഴിയട്ടെ

    ReplyDelete
  2. എഴുതണം ബാലേട്ടാ..ഒന്നും ചുമ്മാ മറക്കാനുള്ളതല്ല.

    ReplyDelete